
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയും ട്രഷറി നിയന്ത്രണങ്ങളും സംസ്ഥാനത്തെ വട്ടം കറക്കുമ്പോഴും, ഈ വര്‍ഷത്തെ ഓണാഘോഷത്തോടനുബന്ധിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ബോണസും പ്രത്യേക ഉത്സവബത്തയും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. 2025-26 സാമ്പത്തിക വര്‍ഷത്തെ ബോണസായി അര്‍ഹരായവര്‍ക്ക് 4,500/- രൂപയാണ് അനുവദിച്ചിരിക്കുന്നത്. ആഗസ്റ്റ് 17 മുതല്‍ ഇതിന്റെ വിതരണം ആരംഭിക്കുമെന്നും ഉത്തരവിലുണ്ട്.
എന്നാല്‍, നാടൊകെ വിലക്കയറ്റവും പട്ടിണിയും കൊണ്ട് വീര്‍പ്പുമുട്ടുമ്പോള്‍, ഖജനാവ് കാലിയാണെന്ന് പറഞ്ഞ് സാധാരണക്കാരുടെ ക്ഷേമപെന്‍ഷനുകളും മറ്റ് ആനുകൂല്യങ്ങളും മുടക്കുന്ന സര്‍ക്കാര്‍, ഉദ്യോഗസ്ഥ പ്രമുഖര്‍ക്കും രാഷ്ട്രീയക്കാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്കും മാത്രം വാരിക്കോരി ആനുകൂല്യങ്ങള്‍ നല്‍കുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
വിവാദ ഉത്തരവിലെ പ്രധാന വിവരങ്ങള്‍:
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ക്കും ബോണസ്: മന്ത്റിമാര്, സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ് എന്നിവരുടെ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ റെഗുലര്‍/താല്‍ക്കാലിക ജീവനക്കാര്‍ക്കും ഈ ആനുകൂല്യം ലഭിക്കുമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ ഓണാഴ്ചയ്ക്ക് ശേഷം ജോലിയില്‍ പ്രവേശിച്ചവര്‍ക്കും ഇതില്‍ ആനുകൂല്യം ലഭിക്കും.
ശമ്പള പരിധി ബാധകം: നിലവിലെ ശമ്പളപരിഷ്കരണ പ്രകാരം 49,275/- രൂപ വരെയോ അല്ലെങ്കില്‍ പത്താം ശമ്പളപരിഷ്കരണ പ്രകാരം 44,462/- രൂപ വരെയോ ‘ആകെ ശമ്പളം’ ഉള്ളവര്‍ക്കാണ് 4,500 രൂപ ബോണസിന് അര്‍ഹതയുള്ളത്. ഇതില്‍ കുറവുള്ളവര്‍ക്ക് ഒരു മാസത്തെ വേതനമോ അല്ലെങ്കില്‍ 4,500 രൂപയോ ഏതാണോ കുറവ് അത് ബോണസായി ലഭിക്കും.
ഉത്സവബത്തയുടെ നിരക്കുകള്‍: ബോണസിന് അര്‍ഹതയില്ലാത്ത വിവിധ വിഭാഗം ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും പാര്‍ട്ട് ടൈം-കണ്ടിജന്റ് ജീവനക്കാര്‍, നൈറ്റ് വാച്ച്മാന്മാര്, വിവിധ വകുപ്പുകളിലെ ദിവസക്കൂലി തൊഴിലാളികള്‍ എന്നിവര്‍ക്കായി 1,250/- രൂപ മുതല്‍ 3,000/- രൂപ വരെ പ്രത്യേക ഉത്സവബത്തയും അനുവദിച്ചിട്ടുണ്ട്.
ഫണ്ട് കണ്ടെത്തല്‍: അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയോ സര്‍ക്കാര്‍ വകുപ്പുകളുടെയോ ഫണ്ടില്‍ നിന്നാണ് ഇതിനുള്ള തുക കണ്ടെത്തേണ്ടത്. വിതരണം ആഗസ്റ്റ് 17 മുതല്‍ തന്നെ ആരംഭിക്കാനാണ് നിര്‍ദ്ദേശം.
നാടിന്റെ വികസന പ്രവര്‍ത്തനങ്ങളും ക്ഷേമ പദ്ധതികളും മുടങ്ങിക്കിടക്കുമ്പോള്‍, രാഷ്ട്രീയ സ്വാധീനമുള്ള പേഴ്സണല്‍ സ്റ്റാഫുകളെയും ഉദ്യോഗസ്ഥരെയും പ്രീതിപ്പെടുത്താനായി മാത്രം കോടികള്‍ ചെലവഴിച്ചുള്ള ഈ ഓണപ്പൂരം ഖജനാവിന് മേലുള്ള വലിയൊരു കൊള്ളയാണെന്ന ആക്ഷേപമാണ് വ്യാപകമായി ഉയരുന്നത്.











